Tuesday, March 16, 2010

1 പുല്ക്കൂടിനു ഒരു തുടക്കം

നല്ലൊരു പുല്‍കൂട് നിര്‍മിക്കാന്‍ വളരെ തയ്യാറെടുപ്പ് വേണം. അതോടൊപ്പം നല്ല ഭാവനയും. ആശയം എന്ത് വേണമെങ്കിലും ആകാം. പക്ഷെ അതെപ്പോഴും കാഴ്ചക്കാരന് വിവരണം നല്‍കാതെ തന്നെ മനസിലാവുകയും വേണം. പരമ്പരാഗത രീതിയില്‍ നിന്നും വളരെ മാറിയാണ് ഇന്നത്തെ ആളുകള്‍ പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കുന്നത് ( റെഡി മെയിഡ് പുല്‍ക്കൂടുകള്‍ അടക്കം ) ടെറസ് പുല്‍ക്കൂടുകള്‍ വരെ നിര്‍മിക്കുന്നവരുണ്ട്. ക്രിസ്തുമസിന്റെ ഐതിഹ്യങ്ങള്‍ക്ക് എതിരാണെങ്കിലും നിര്‍മാതാവിന്റെ മനസിന്‌ തൃപ്തി തരാന്‍ അതിനായെങ്കില്‍ അത് നൂറു ശതമാനവും ശരിയാണ്.

പുല്‍കൂട് നിര്‍മാണത്തിലെ മറ്റൊരു പ്രത്യേകത അത് കാഴ്ചക്കാരന്‍ ഏത് വീക്ഷണത്തില്‍ കാണണമെന്ന് നിര്‍മാതാവിന് നിശ്ചയിക്കാം എന്നതാണ്. ഒരു വലിയ പശ്ചാത്തലത്തില്‍ ഒരുക്കിയ കൂറ്റന്‍ പുല്‍ക്കൂടായും ചെറിയ പശ്ചാത്തലത്തിലെ ചെറിയ പുല്‍ക്കൂടായും നമുക്കു ഇവ നിര്‍മിക്കാം. പക്ഷെ പ്രധാനം അവ കൃത്യമായി ഒരുക്കുന്നു എന്നതിലാണ്. ഉദാഹരണമായി ഒരു വലിയ ലാന്‍ഡ്‌സ്കെപ്പില്‍ ചെറിയൊരു പുല്‍ക്കൂട്‌ മാത്രമായി നിര്‍മ്മിക്കുന്നത്‌ പലപ്പോഴും കാഴ്ചയ്ക്ക് അരോചകമായിരിക്കും അതുപോലെ തന്നെയാണ് പുല്‍ക്കൂടും പുല്‍ക്കൂട്ടിലെ രൂപങ്ങളും തമ്മില്‍ ഉണ്ടായിരിക്കേണ്ട വലിപ്പത്തിലെ അനുപാതം. ഒരു വലിയ പുല്‍ക്കൂട്ടില്‍ വളരെ ചെറിയ രൂപങ്ങള്‍ വയ്ക്കുന്നതു തീരെ അനുയോജ്യമല്ലെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

കാഴ്ചയിലെ മനോഹാരിതയാണ് എല്ലാ കലാസൃഷ്ടികളെയും ജീവസുറ്റതാക്കുന്നത്. പുല്‍ക്കൂടിന്റെ കാര്യവും വ്യതസ്തമല്ല. നല്ല പശ്ചാത്തലം, കൃത്യതയുള്ള നിര്‍മ്മാണ രീതി, പശ്ചാത്തലവും പുല്‍ക്കൂടും രൂപങ്ങളും തമ്മിലുള്ള ചേര്‍ച്ച, പ്രകാശവിതാനം, തിരഞ്ഞെടുത്ത പൊസിഷനില്‍ നിന്നു (ചിലപ്പോള്‍ താഴെ നിന്നും ഒരു കുന്നിന്റെ രൂപത്തില്‍ അല്ലെങ്കില്‍ ഒരു മേശയ്ക്ക് മുകളില്‍) കാഴ്ചക്കാരന് പുല്‍ക്കൂടിന്റെ മുഴുവന്‍ ഭാഗങ്ങളും കാണത്തക്ക വിധത്തില്‍ പുല്‍ക്കൂടൊരുക്കുക എന്നത് ഒരു പുല്‍ക്കൂടിനെ മനോഹരമാക്കുന്നു.

ഏറ്റവും ആദ്യമായി നിങ്ങള്‍ പുല്‍കൂട് ഒരുക്കാനുള്ള സ്ഥലം കണ്ടുപിടിക്കുക എന്നതാണ്. നിങ്ങള്‍ ഒരുക്കിയ പുല്‍കൂട് മറ്റുള്ളവരെയും കാണിക്കണം എന്നാണെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും അത് അവര്‍ക്കും (നിങ്ങള്‍ക്കും) ഏറ്റവും നല്ല രീതിയില്‍ കാണാന്‍ സാധിക്കുന്ന സ്ഥലത്തായിരിക്കണം ഒരുക്കേണ്ടത്. അതേസമയം വീടിന്റെതായ സ്വകാര്യത സൂക്ഷിക്കുകയും വേണം. അതായത് പുല്‍ക്കൂട്‌ കാണാന്‍ എത്തുന്നവര്‍ അവസാനം നിങ്ങള്‍ക്കൊരു ശല്യമാകാതെ നോക്കണം. അഥവാ നിങ്ങള്‍ വീടിന്‍റെ അകത്താണ് പുല്‍ക്കൂട്‌ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് തീര്‍ച്ചയായും സ്വകാര്യമായിരിക്കും, നിങ്ങളുടെ വീട്ടുകാര്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും അല്ലാതെ മറ്റുള്ളവര്‍ക്ക് അതു കാണുന്നതിനു പരിമിതികളുണ്ട്.

സ്ഥലം നിശ്ചയിച്ചു കഴിഞ്ഞാല്‍ പിന്നെ നിങ്ങളുടെ പുല്‍ക്കൂടിന്റെ പ്ലാന്‍ അനുസരിച്ച് അതിനെ ഒരുക്കിയെടുക്കുക. ഉദാഹരണത്തിന് ചിലര്‍ മേശയിലായിരിക്കും പുല്‍ക്കൂട്‌ ഒരുക്കാന്‍ പദ്ധതിയുണ്ടാക്കിയിരിക്കുക, മറ്റു ചിലര്‍ താഴെ തറനിരപ്പില്‍ ആയിരിക്കും തങ്ങളുടെ പുല്‍ക്കൂട്‌ ഒരുക്കുന്നത്. (താഴെ തറനിരപ്പില്‍ ഒരുക്കുമ്പോള്‍ ഒരു Aerial View ആയിരിക്കും മിക്കപ്പോഴും നല്ലതെന്ന് പരീക്ഷിച്ചവര്‍ പറയുന്നു. അല്ലെങ്കില്‍ ഒരു കുന്നു പോലെ ഉയര്‍ത്തി പുല്‍ക്കൂട്‌ പൂര്‍ണമായി കാണാനാവുന്ന രീതിയില്‍ ഒരുക്കണം.)

ഒരുപാട് സാദ്ധ്യതകള്‍ ഉള്ളതാണ് ടേബിള്‍ ടോപ്‌ സ്റ്റൈല്‍. അതിനെക്കുറിച്ച് ഞാന്‍ ഉടനെ പറയാം ദയവായി കാത്തിരിക്കൂ.....

Sunday, January 4, 2009

ആമുഖം

സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശവുമായി വീണ്ടുമിതാ ഒരു ക്രിസ്തുമസ് കാലം കൂടി..... മഞ്ഞുപെയ്യുന്ന ഈ പാതിരാവില്‍ , സ്വര്‍ഗീയ സംഗീതം അലയടിക്കുന്ന ഈ ക്രിസ്തുമസ് രാവില്‍, നാം നിര്‍മ്മിക്കുന്ന പുല്‍ക്കൂടുകള്‍ക്കുമേല്‍ നക്ഷത്രങ്ങള്‍ കണ്ണടയ്ക്കാതെ നോക്കി നില്‍ക്കട്ടെ.... ഹൃദയം കവരുന്ന പുല്‍ക്കൂടുകളും ഒരുക്കി നമുക്ക് കാത്തിരിക്കാം.... ഒരു കോടി നക്ഷത്രങ്ങള്‍ അതിന് കാവല്‍ നില്‍ക്കട്ടെ... ഒരായിരം ഹൃദയങ്ങളെ അത് പുളകം കൊള്ളിക്കട്ടെ.... അവയുടെ ചാരുത നിശയുടെ യാമങ്ങളെ മനോഹരമാക്കട്ടെ...

ക്രിസ്തുമസ് സമ്പന്നമാവുന്നത് നക്ഷത്രവിളക്കുകളും പുല്‍ക്കൂടുകളും കൊണ്ടാണ്. ഇവിടെ ഇതാ കുറച്ചു പുല്‍കൂട് വിശേഷങ്ങള്‍.....